യുകെയില്‍ തൊഴിലില്ലായ്മ രൂക്ഷം: പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴിലില്ല; യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേരളത്തിലെ ഏജന്‍സികൾ
യുകെയില്‍ തൊഴിലില്ലായ്മ രൂക്ഷം: പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴിലില്ല; യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേരളത്തിലെ ഏജന്‍സികൾ
ലണ്ടൻ: ബ്രിട്ടനിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. യുകെയില്‍ 16-നും 24-നും ഇടയില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം ചെറുപ്പക്കാര്‍ നിലവിൽ തൊഴിലില്ലാതെ വലയുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇവിടുത്തെ യഥാർത്ഥ അവസ്ഥ മറച്ചുവെച്ച്, യുകെയിൽ വിദ്യാർത്ഥിയായി എത്തിയാൽ ഉടൻ തന്നെ മികച്ച പാർട്ട്ടൈം/ഫുൾ ടൈം ജോലികൾ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ വിവിധ റിക്രൂട്ട്മെന്റ് ഏജൻസികൾ ഇപ്പോഴും യുവാക്കളെ ഇവിടേക്ക് ആകർഷിക്കുകയാണ്.
യുവാക്കൾക്കിടയിലെ ഈ തൊഴിലില്ലായ്മക്ക് പ്രധാന കാരണം നിലവിലെ ലേബർ സർക്കാർ നയങ്ങളാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് চീഫ് എക്കണോമിസ്റ്റ് ഹ്യൂ പിൽ (Huw Pill) ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ മുൻപരിചയമില്ലാത്ത യുവാക്കൾക്കും മുതിർന്നവർക്കുമുള്ള അടിസ്ഥാന ശമ്പളത്തിൽ (Minimum Wage) കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇതുമൂലം കുറഞ്ഞ ശമ്പളത്തിൽ ചെറുപ്പക്കാരെ ജോലിക്ക് വെക്കാൻ തൊഴിലുടമകൾക്കും താല്പര്യമുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി ഈ വേതന വ്യത്യാസം തീരെ ഇല്ലാതായതോടെ, ഉയർന്ന ശമ്പളം നൽകി മുൻപരിചയമില്ലാത്ത യുവാക്കളെ ജോലിക്ക് വയ്ക്കുന്നതിൽ നിന്നും തൊഴിലുടമകൾ പിന്തിരിയുകയാണ്.
തൊഴിലില്ലായ്മ ഈ രീതിയിൽ തുടർന്നാൽ, എൺപതുകളിൽ കേരളത്തിൽ കണ്ടിരുന്നതുപോലെ തൊഴിലില്ലാത്ത ചെറുപ്പക്കാർ കവലകളിലും കലുങ്കുകളിലും സമയം ചിലവഴിക്കുന്ന അവസ്ഥ യുകെയിലെ മലയാളി സമൂഹത്തിലും വൈകാതെ രൂപപ്പെട്ടേക്കാമെന്ന സാമൂഹിക ആശങ്കയും ഈ അവസരത്തിൽ ശക്തമാണ്. ഒരു വശത്ത് യുകെയിലെ തൊഴിൽ കേന്ദ്രങ്ങളിൽ നീണ്ട ക്യൂ രൂപപ്പെടുമ്പോഴും, ഇതൊന്നും വകവെയ്ക്കാതെ വ്യാജ വാഗ്ദാനങ്ങളിൽ വീണ് യുകെയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നവരും നിരവധിയാണ്.