ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥിരതാമസ അനുമതി (പിആർ) ലഭിക്കുന്നതിനായുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. യുകെയിൽ പത്ത് വർഷം താമസം പൂർത്തിയാക്കിയവർക്ക് മാത്രം സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്ന നിലവിലെ കടുപ്പമേറിയ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് തീവ്ര വലതുപക്ഷ നിലപാടുകളുള്ള 'റിഫോം യുകെ' പോലുള്ള രാഷ്ട്രീയ കക്ഷികൾ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന മാസങ്ങളിൽ കൂടുതൽ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ നേരത്തെ തന്നെ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് വർഷത്തെ താമസ പരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്ന നിലപാട് അധികൃതർ വ്യക്തമാക്കുന്നത്. റിഫോം യുകെയുടെ വളർച്ച പ്രധാന രാഷ്ട്രീയ പാർട്ടികളെ കുടിയേറ്റ വിഷയത്തിൽ കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത് യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് വലിയ ആശങ്കയാണ് നൽകുന്നത്.
ഈ വർഷം കുടിയേറ്റ നിയമങ്ങളിൽ ഇനിയും വലിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശ്രിത വിസകളിലും തൊഴിൽ വിസകളിലും കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് പുറമെ, സ്ഥിരതാമസത്തിനുള്ള വഴി കൂടുതൽ ദുഷ്കരമാക്കുന്നത് യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും നിലവിൽ അവിടെയുള്ളവരെയും ഒരുപോലെ ബാധിക്കും. രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് പ്രവാസി ലോകം.