മാഞ്ചസ്റ്റർ : ബ്രിട്ടനിലെ വിസ തട്ടിപ്പുകളുടെ ഒടുങ്ങാത്ത കരിഞ്ചന്തയുടെ ഏറ്റവും പുതിയ ഭീകരമുഖം വെളിവാക്കുന്ന റിപ്പോര്‍ട്ടാണ് വീണ്ടും പുറത്തു വരുന്നത്. കെയര്‍ വിസ കച്ചവടം കുറയ്ക്കാനായി സര്‍ക്കാര്‍ നിയമങ്ങളില്‍ കഠിന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും, തട്ടിപ്പുകാര്‍ക്ക് കയ്യില്‍ പണം കെട്ടി നല്‍കി യുകെയില്‍ തുടരാനുള്ള കുറുക്ക് വഴി തേടുന്ന മലയാളികളുടെ പ്രവണത അവസാനിച്ചിട്ടില്ലെന്നതാണ് പുതിയ വെളിപ്പെടുത്തലുകളുടെ സാരാംശം.
ബ്രിട്ടീഷ് മലയാളിക്ക് ഏകദേശം ഒരു മാസം മുന്‍പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വലിയ തട്ടിപ്പ് ശൃംഖലയെ കുറിച്ചുള്ള തെളിവുകള്‍ സമാഹരിച്ചത്. യുകെയിലെ മലയാളി വിദ്യാര്‍ത്ഥികളും പിഎസ്ഡബ്ല്യു വിസക്കാരും ഉള്‍പ്പെടെ ഒരു ഡസനിലേറെ പേര്‍ 18,500 മുതല്‍ 25,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മലയാളി ഇടനിലക്കാരുടെ പങ്കാളിത്തത്തോടെയാണ് തെലുങ്കത്തില്‍ നിന്നുള്ള സുമലത എന്ന സ്ത്രീയും മറ്റൊരു ആന്ധ്രാ സ്വദേശിയും ചേര്‍ന്ന് ഈ വന്‍ തട്ടിപ്പ് നടത്തിയത് എന്നാണ് ലഭ്യമായ സൂചന.
യുകെ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും സംശയങ്ങള്‍
ബ്രിട്ടനിലെ പ്രമുഖ പത്രമായ ദി ടൈംസ് വ്യാജ ജോലിയും വിസ തട്ടിപ്പും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹോം ഓഫീസ് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന വിസ തട്ടിപ്പ് ശൃംഖലകളെ കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും, ഹോം ഓഫിസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ ഇതിനെ വിലക്കാന്‍ ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെന്ന സംശയം ശക്തമാവുകയാണ്. ആയിരക്കണക്കിന് ഇരകള്‍ വിക്ടിം സപ്പോര്‍ട്ട് സ്‌കീം വഴി നേരിട്ട് ഹോം ഓഫിസിനെ സമീപിച്ചിട്ടും, വിസ ലോബിയുടെ അഴിഞ്ഞാട്ടം തടസ്സമില്ലാതെ തുടരുന്നുവെന്നതും വലിയ ചോദ്യമായി നിലകൊള്ളുന്നു. യുകെയിലെ ബാങ്കുകള്‍ പോലും വിസ ഏജന്‍സികള്‍ക്കുള്ള സംശയാസ്പദമായ വന്‍ ട്രാന്‍സാക്ഷനുകള്‍ തടഞ്ഞ് പോലീസിനെ അറിയിക്കുമ്പോഴും, തട്ടിപ്പുകാര്‍ പുതിയ വഴികള്‍ കണ്ടെത്തി മുന്നേറുകയാണ് എന്നതാണ് ഇരകളുടെ വാക്കുകള്‍.
പ്രധാന ഏജന്റ്മാര്‍: തെലുങ്കത്തി സുമലത, ആന്ധ്രാ കൂട്ടാളി, മാഞ്ചസ്റ്ററിലെ മലയാളികള്‍
ഇതില്‍ മുഖ്യ ഏജന്റായി പ്രവര്‍ത്തിച്ചിരിക്കുന്നത് തെലുങ്കത്തില്‍ നിന്നുള്ള സുമലതയാണെന്ന് പരാതിക്കാര്‍ ഉറപ്പിച്ചു പറയുന്നു. അവരോടൊപ്പം മറ്റൊരു ആന്ധ്രാ സ്വദേശിയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നാണ് പുറത്തു വന്ന ഡിജിറ്റല്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. യുകെയിലെ മാഞ്ചസ്റ്ററിലുള്ള മലയാളികളായ മലയാളികളായ രണ്ടു പേർ പണം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ഇടനിലക്കാരാണെന്നുമാണ് ആരോപണം. ഇവര്‍ മലയാളികളുമായി നേരിട്ട് ഇടപെടുകയും പണം കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതികളില്‍ പറയുന്നത്.
കേരളത്തില്‍ തന്നെ ഇവര്‍ക്കെതിരെ കേസുകളും ലുക്ക് ഔട്ട് നോട്ടീസും ഉള്ളതായി ലഭ്യമായ വിവരങ്ങളുണ്ട്. രണ്ട് ആഴ്ച മുന്‍പ് കേരളത്തിലെ ചില ടെലിവിഷന്‍ ചാനലുകളും ഇവരെ കുറിച്ചുള്ള കേസുകളുടെ വിശദാംശങ്ങളോടെ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തിരുന്നു എന്ന് പരാതിക്കാര്‍ വ്യക്തമാക്കുന്നു. എന്നിട്ടും യുകെയില്‍ ഇവര്‍ തട്ടിപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയമായി തുടരാന്‍ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.
താന്‍ തന്നെ ചതിക്കപ്പെട്ടവളാണെന്നും, തട്ടിപ്പുകാര്‍ക്കായി പണം ശേഖരിച്ചവളായിരുന്നെന്നും ഒരു മലയാളി ഇടനിലക്കാരി ബ്രിട്ടീഷ് മലയാളിയോട് വിശദീകരിച്ചെങ്കിലും, ലഭിച്ച മെസേജുകളും റെക്കോര്‍ഡുകളും പരിശോധിക്കുമ്പോള്‍ അവര്‍ എന്ത് തോതില്‍ പങ്കാളിയായിരുന്നു എന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തു വരാനുണ്ട്.
വിസ തേടുന്ന മലയാളികളുടെ മനോഭാവം തന്നെ തട്ടിപ്പുകാര്‍ക്ക് ആനുകൂല്യം
പിഎസ്ഡബ്ല്യു വിസ കാലാവധി കഴിഞ്ഞാല്‍ സ്വാഭാവികമായത് നാട്ടിലേക്ക് മടങ്ങുക എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ലാത്ത നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഇരകളായി മാറുന്നത്. “തിരികെ മടങ്ങാന്‍ മടിയാണ്” എന്ന ഏക വാചകത്തിലാണ് കൂടുതല്‍ പേരും സ്വന്തം അവസ്ഥ വിശദീകരിക്കുന്നത്. യുകെയില്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി പിടിച്ചു നില്‍ക്കാനായി അംഗീകൃത ജോലി ഇല്ലാതെ വ്യാജ സ്പോണ്‍സര്‍ഷിപ്പ് വാങ്ങാന്‍ പോലും തയ്യാറാകുന്നവരാണ് ഇവര്‍.
അവരെ ലക്ഷ്യമാക്കിയുള്ള വ്യാജ ഓഫറുകളാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ടീച്ചര്‍, മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ലാബ് ടെക്നിഷ്യന്‍, മിഡ് വൈഫ് തുടങ്ങിയ പദവികളില്‍ തൊഴില്‍ ഉറപ്പുനല്‍കുമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്യുന്നത്. പുതിയ കുടിയേറ്റ നിയമപ്രകാരം സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ആവശ്യമായ 41,700 പൗണ്ട് സാലറി ത്രെഷോള്‍ഡിനോട് പോലും യാതൊരു ബന്ധവുമില്ലാത്ത ജോലികളാണ് ഇവര്‍ പറയുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരുടെയും കൈകളില്‍ മാസ്റ്റേഴ്‌സ് ബിരുദം തന്നെ ഉണ്ടായിരിക്കെ, യാഥാര്‍ത്ഥ്യവും നിയമവും അറിയാത്തതല്ല; പക്ഷേ നാട്ടിലേക്ക് മടങ്ങിയാലുണ്ടാകുമെന്നു കരുതുന്ന കളിയാക്കലും അപമാനവുമാണ് ഭൂരിഭാഗരെയും തട്ടിപ്പുകാര്‍ക്കുവേണ്ടിയുള്ള ദൗര്‍ബല്യത്തിലാക്കുന്നത് എന്നാണ് ഇരകളുടെ വിശ്വാസം.
“ഹിറ്റ് ആന്‍ഡ് റണ്‍”: തട്ടിപ്പുകാര്‍ തന്നെ ഉപയോഗിക്കുന്ന കോഡ് വാക്ക്
തട്ടിപ്പിന്റെ പശ്ചാത്തല ഇടപാടുകളെ കുറിച്ചുള്ള ഡിജിറ്റല്‍ തെളിവുകളില്‍ ഒരിടത്ത്, ആന്ധ്ര സ്വദേശിയായ ഒരാള്‍ “ഹിറ്റ് ആന്‍ഡ് റണ്‍” എന്ന കോഡ് വാക്ക് ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. അതായത് ഏറ്റവും വേഗത്തില്‍ കൂടുതല്‍ പേര്‍ക്കു നിന്നും പരമാവധി തുക പിരിച്ചെടുത്തു, പിന്നാലെ യുകെയില്‍ നിന്നും തന്നെ അപ്രത്യക്ഷരാകുക എന്നതാണ് തട്ടിപ്പുകാര്‍ തമ്മിലുള്ള ഈ രഹസ്യ ഭാഷയുടെ അര്‍ത്ഥം. ഒരിക്കല്‍ പണം കൈവശമാക്കിയാല്‍ പഴയ ഇരകളെ വീണ്ടും കാണണമെന്നും അവര്‍ക്ക് പണം തിരികെ നല്‍കണമെന്നും തട്ടിപ്പുകാര്‍ ആലോചിക്കുന്നില്ലെന്നതിന് ഈ റെക്കോര്‍ഡുകള്‍ തന്നെ തെളിവാണ്. വ്യാജ ജോബ് ഓഫറുകളും, പുതിയ വ്യാജ വിസ സാധ്യതകളും കാണിച്ച് ഇരകളെ വീണ്ടും വീണ്ടും ആശ്വസിപ്പിച്ച് നിയമ നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്.
മിഡ് വൈഫ് പോലെയുള്ള പദവികള്‍ മെഡിക്കല്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ഓഫര്‍ ചെയ്തതും, ഷെയര്‍ കോഡ് കിട്ടുന്ന നിലവിലെ വിസകള്‍ എങ്ങനെയാണ് കൈമാറി ഉപയോഗിക്കുന്നത് എന്നതും ക്രൈം ഏജന്‍സികള്‍ വരെ പരിശോധിക്കേണ്ട ഗൗരവപ്പെട്ട വിഷയങ്ങളായി മാറിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ
വിസ തട്ടിപ്പുകാര്‍ ഇന്ന് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, കൂടാതെ ആയിരക്കണക്കിന് അംഗങ്ങളുള്ള പ്രത്യേക സ്റ്റുഡന്റ്, ജോബ്, വിസ ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് പുതിയ ഇരകളെ ലക്ഷ്യമിടുന്നത്. പേര്, ഫോട്ടോ, വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കാത്ത അക്കൗണ്ടുകളില്‍ നിന്നാണ് പലപ്പോഴും “വിസ സംബന്ധമായ ചെറിയ സംശയം ഉണ്ടെന്ന്” പറഞ്ഞ് സംഭാഷണം ആരംഭിക്കുന്നത്. പിന്നീട് “അതത് മേഖലയില്‍ നിരവധി ഒഴിവുകളുണ്ട്, ആഗ്രഹിക്കുന്നവര്‍ ഇന്‍ബോക്‌സ് ചെയ്യുക” എന്ന രീതിയിലുള്ള പോസ്റ്റുകളാണ് വന്ന് വീഴുന്നത്.
ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ദിവസത്തില്‍ അല്പനേരം മാത്രമേ പോസ്റ്റുകള്‍ പരിശോധിക്കാറുള്ളൂ എന്ന സത്യാവസ്ഥയും തട്ടിപ്പുകാര്‍ കൃത്യമായി ഉപയോഗിക്കുന്നു. കുറച്ചു മണിക്കൂറുകള്‍ പോലും തീര്‍ത്തും പരിശോദനയില്ലാതെ ഒരു പോസ്റ്റ് ആക്ടീവ് ആയിരിക്കുമ്പോള്‍ ആരെയെങ്കിലും വലയിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന കണക്കുകൂട്ടലോടെയാണ് വ്യാജ അക്കൗണ്ടുകള്‍ നിരന്തരം പിറന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന ഒറ്റ തീരുമാനത്തിലൂടെ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനാകൂ എന്നത് മലയാളികള്‍ ഇനിയും ഗൗരവത്തില്‍ തിരിച്ചറിയേണ്ടതാണെന്നാണിത് ഓര്‍മ്മിപ്പിക്കുന്നത്.
ടൈംസിന്റെ രഹസ്യ അന്വേഷണം: 26 ഏജന്റുമാര്‍, 250ല്‍ അധികം വിസ അന്വേഷകര്‍
ദി ടൈംസ് നടത്തിയ ദേശവ്യാപക രഹസ്യ അന്വേഷണത്തില്‍, വിസ ഏജന്റായിട്ടും ജോലി അന്വേഷിക്കുന്നവരായിട്ടും നടിച്ച് ചുറ്റി നടന്നപ്പോള്‍ 26 വിസ ഏജന്റ്മാരോടും 250ല്‍ അധികം വിസ അന്വേഷകരോടും നേരിട്ടുള്ള സമ്പര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതു തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും “ഓറിജിനല്‍ പോലെ” ഉണ്ടാക്കിത്തരാമെന്ന വാഗ്ദാനമാണ് ഏജന്റ്മാരുടെ പ്രധാന ആയുധം. അധ്യാപക പരിശീലനം മുതല്‍ ലാബ് ടെക്നിഷ്യന്‍ പോസ്റ്റിന് ആവശ്യമായ രേഖകള്‍ വരെ താന്‍ ഒരുക്കിത്തരാമെന്നാണ് പല ഏജന്റ്മാരും തുറന്നു പറഞ്ഞത്. ജോലി അന്വേഷിക്കുന്നവര്‍ പണം ക്യാഷായി തയ്യാറാക്കി വയ്ക്കണമെന്നും, വ്യാജ സിവിയില്‍ നിന്നും വ്യാജ പേറോളിന് വരെയുള്ള മുഴുവന്‍ രേഖകളും “പാക്കേജായി” എത്തിക്കാമെന്നും അവര്‍ ഉറപ്പുനല്‍കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടൈംസ് പരിശോധിച്ച ചില സ്ഥാപനങ്ങളില്‍ പരിശോധിച്ച് നോക്കുമ്പോള്‍, അവര്‍ പറയുന്ന ജോലികള്‍ ആ സ്ഥാപനങ്ങളുടെ സ്റ്റാഫ് ലിസ്റ്റില്‍ ഇല്ലെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തല്‍. അതായത് വ്യാജ വിസ മാഫിയകള്‍ ഇപ്പോള്‍ യുകെയില്‍ തന്നെ ഒരു അനധികൃത തൊഴില്‍ ദാതാവായാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള ‘ജോലികള്‍’ വിറ്റഴിക്കപ്പെടുന്നതിനെക്കുറിച്ചറിയാനോ തടയാനോ കഴിയുന്നില്ല. ഓരോ മാസം ഇരകളില്‍ നിന്നും 400 മുതല്‍ 700 പൗണ്ട് വരെ പേറോള്‍ ചെലവിനെന്ന പേരില്‍ അധികമായി പിരിക്കാന്‍ കഴിയുമെന്ന “അവകാശം” ഈ മാഫിയക്ക് യഥാര്‍ത്ഥ ഡ്രാക്കുളയെ പോലെ ക്രൂര രൂപം നല്‍കുന്നുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സംവിധാനങ്ങള്‍ തട്ടിപ്പുകാര്‍ക്ക് മുന്നില്‍ പരാജിതരായി നില്‍ക്കുകയാണെന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും റീഫോം പാര്‍ട്ടിയും പ്രതികരിച്ച പൊതു നിലപാട്.
സ്പോണ്‍സര്‍ഷിപ്പ് നയം: തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ തീരുമാനം
2020ല്‍ കൊണ്ടുവന്ന, “സ്പോണ്‍സര്‍ഷിപ്പ് ഉള്ളിടത്തോളം കാലം യുകെയില്‍ തുടരാം” എന്ന ആശയത്തിലുള്ള സര്‍ക്കാര്‍ നയമാണ് ഇപ്പോള്‍ തട്ടിപ്പുകാര്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത്. ജോലി ഉറപ്പില്ലെങ്കിലും സ്പോണ്‍സര്‍ഷിപ്പ് മതിയെന്ന വാദമുയര്‍ത്തി, മുന്നില്‍ ജോലി ഇല്ലാതെയും അനേകരെ യുകെയില്‍ കുടുക്കി നിര്‍ത്താനുള്ള വല വലിച്ചു കെട്ടുകയായിരുന്നു ഈ നയം പ്രാബല്യത്തില്‍ വന്ന ആദ്യകാലത്ത്. കെട്ടിട നിര്‍മാണ മേഖലയില്‍, സോഷ്യല്‍ കെയറില്‍, കെയര്‍ വിസയിലൊക്കെയായി പതിനായിരക്കണക്കിന് ആളുകളെ എത്തിക്കാന്‍ ഈ പദ്ധതിക്ക് വമ്പന്‍ പങ്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതേ നയം തന്നെ ഉപയോഗപ്പെടുത്തി പഴയ സ്‌കീമുകള്‍ ഇനി നിലവിലില്ല എന്ന സത്യം മറച്ചു വച്ച് വ്യാജ വിസ മാഫിയ “സര്‍ക്കാര്‍ നയം” എന്ന മുദ്രചാര്‍ത്തി പാക്കേജുകള്‍ വില്‍ക്കുകയാണ്.
“സ്പോണ്‍സര്‍ഷിപ്പ് ഞങ്ങള്‍ തരാം, ജോലി നിങ്ങള്‍ കണ്ടുപിടിക്കൂ” എന്ന തട്ടിപ്പുകാരുടെ വാക്കുകളില്‍ ആകര്‍ഷിതരായവരാണ് ഇന്ന് പണം നഷ്ടപ്പെട്ട് മടക്കവഴിയില്ലാതെ കരയുന്ന ദുരവസ്ഥയിലായത്. യുകെയില്‍ എങ്ങനെയെങ്കിലും പണം കണ്ടെത്തി ജീവിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും, അതിന് നിയമാനുസൃത ജോലിയോ അല്ലെങ്കില്‍ കുപ്രസിദ്ധമായ മസാജ് സെന്ററുകളോ, മറ്റേതെങ്കിലും വഴിയോ ആയാലും തങ്ങള്‍ക്കൊരു കാര്യമല്ലെന്നുമാണ് തട്ടിപ്പുകാര്‍ തുറന്നു പറയുന്നത്. കോവിഡിന് ശേഷം ഇത്തരത്തില്‍ പണവും നിലനില്‍പ്പും കണ്ടെത്തിയ സ്റ്റുഡന്റ് വിസക്കാരുടെ ചില ‘വിജയകഥകള്‍’ കൈമാറി തന്നെയാണ് പുതിയ ഇരകളെ വലയിലാക്കുന്നത് എന്നും പരാതികള്‍ വ്യക്തമാക്കുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയും, പല അടിഭൂമി ജോലികളിലൂടെയും “നികുതി ഒഴിവുള്ള വരുമാനം” കണ്ടെത്താമെന്ന് പറയുന്ന സൗജന്യ കണ്‍സള്‍ട്ടന്‍സി വരെ നല്‍കുകയാണ് തട്ടിപ്പില്‍ പ്രതിഭയായ സുമലത പോലുള്ളവര്‍.
ജനങ്ങള്‍ മാറിയാലേ തട്ടിപ്പ് മാറൂ
ടൈംസ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സര്‍ക്കാര്‍ വാദം, “തട്ടിപ്പുകാരെ നേരിട്ട് പിടികൂടാതെയെങ്കിലും വിസ അപേക്ഷകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞു” എന്നതാണ്. അതായത് തട്ടിപ്പുകാര്‍ക്ക് എതിരായ കര്‍ശന നിയമ നടപടികളിലൂടെ അല്ല, സാധ്യമായവര്‍ തന്നെ മാറിനില്‍ക്കുമ്പോഴാണ് വിസ തട്ടിപ്പുകള്‍ സ്വയം ചുരുങ്ങുക എന്ന മുട്ടാപ്പോക്കാണ് ഭരണകൂടം നല്‍കുന്നത്. വിസ തട്ടിപ്പുകാര്‍ നിയമത്തിന്റെ ചുണ്ടില്‍ കയറാതെ തന്നെ ഇരകളുടെ പണമെടുത്ത് അപ്രത്യക്ഷരാകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ യുകെ.
ഏറ്റവും ഭീകരമായ സത്യം, ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ച് മാധ്യമങ്ങള്‍ നാളിതുവരെ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടും, പല ഇരകളും ഈ വാര്‍ത്തകള്‍ വായിക്കാന്‍ പോലും താത്പര്യം കാണിക്കുന്നില്ലെന്നതാണ്. നിയമമാറ്റങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണങ്ങളെയും മുന്നറിയിപ്പുകളെയും അവഗണിച്ച്, ഏജന്റ്മാരുടെ വാഗ്ദാനങ്ങള്‍ മാത്രം കണ്ണടച്ച് വിശ്വാസപ്പെട്ട്, തങ്ങള്‍ തന്നെ നിയമത്തിന് മുന്നില്‍ ദുർബലരായി നില്‍ക്കേണ്ടി വരുന്നതാണ് ഇന്നത്തെ മലയാളികളുടെ യാഥാര്‍ത്ഥ്യം. നിയമം അറിയാത്തവരല്ല ഇവര്‍, പക്ഷേ കണ്ണടച്ച് വിശ്വസിക്കാന്‍ തിരഞ്ഞെടുക്കുന്നവരാണ് — ഈ മനോഭാവം മാറ്റിയാലേ യുകെയിലെ വിസ തട്ടിപ്പുകളുടെ കരിഞ്ചന്തക്കും ഒരു അവസാനമുണ്ടാകൂ എന്ന മുന്നറിയിപ്പാണ് ഈ സംഭവവികാസങ്ങള്‍ മുഴുവന്‍ ഉയര്‍ത്തിക്കാട്ടുന്നത്.