ഹോൺചർച്ച്: പുതുമുഖ ഗായകരെയും നർത്തകരെയും അണിനിരത്തി 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് സംഘടിപ്പിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 മാർച്ച് 7-ന് ശനിയാഴ്ച ലണ്ടനിലെ ഹോൺചർച്ച് കാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സംഗീതോത്സവത്തോടൊപ്പം ചാരിറ്റി ഇവന്റും അന്തരിച്ച പത്മഭൂഷൺ ഒ.എൻ.വി. കുറുപ്പ് മാഷിന്റെ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ എട്ട് വർഷമായി യുകെയിലെ മലയാളി കലാസമൂഹത്തിൽ സജീവ സാന്നിധ്യമായ 7 ബീറ്റ്സ് സംഗീത–നൃത്ത സദസ്സുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഒ.എൻ.വി. സ്മരണാഞ്ജലികൾ എന്നിവയിലൂടെ ശ്രദ്ധനേടി വരുന്ന സംഘമാണ്. ലണ്ടനിൽ ആദ്യമായി പൂർണമായും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സീസൺ 9-ന് ലണ്ടനിലെ പ്രമുഖ മലയാളി കലാ–സാംസ്കാരിക കൂട്ടായ്മകളാണ് ആതിഥേയത്വം വഹിക്കുന്നത്.
മലയാളത്തിന് അനവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ഒ.എൻ.വി. കുറുപ്പിന്റെ ശ്രദ്ധേയ ഗാനങ്ങൾ കോർത്ത് ഒരുക്കുന്ന പ്രത്യേക സംഗീതാവിഷ്കാരത്തോടെയായിരിക്കും അനുസ്മരണം നടത്തുക. സംഗീതാസ്വാദകർക്ക് ഇഷ്ടഗാനങ്ങളുടെ സമൃദ്ധിയും വൈവിധ്യവും നിറഞ്ഞ ഒരു സംഗീതവിരുന്നായിരിക്കും വേദി ഒരുക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
യുകെയിലെ നിരവധി പുതുമുഖ ഗായക–നർത്തക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ 7 ബീറ്റ്സ് ഒരുക്കുന്ന വേദികൾ വലിയ അവസരമായി മാറിയിട്ടുണ്ട്. ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രേക്ഷകർക്കു അത്ഭുതം പകരുന്ന വിവിധ കലാവിസ്മയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. കേരളത്തിലെ നിരവധി കുടുംബങ്ങൾക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിനായി പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഗത്ഭരായ സംഗീത–നൃത്ത താരങ്ങളുടെ സർഗാത്മക പ്രകടനങ്ങളുമായി സീസൺ 9 ഒരു മെഗാ കലാവിരുന്നായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സംഗീതവിരുന്നും മികച്ച സംഘാടക മികവും ജീവകാരുണ്യ ദൗത്യവും ഒരുമിപ്പിക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി 7 ബീറ്റ്സ് അറിയിച്ചു.
മാർച്ച് 7-ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെ നീളുന്ന ഈ സംഗീതരാവിലേക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സണ്ണിമോൻ മാത്തായി (07727993229), ജോമോൻ മാമ്മൂട്ടിൽ (07930431445), മനോജ് തോമസ് (07846475589), കെവിൻ കോണിക്കൽ (07515428149), ഡോ. ശിവകുമാർ (0747426997), ലൂബി മാത്യൂ (07886263726), അപ്പച്ചൻ കണ്ണഞ്ചിറ (07737956977) എന്നിവരെ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വേദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.