ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുന്നതിനാൽ, ഡീസലിനുള്ള ആവശ്യം വേഗത്തിൽ ഇടിയുകയാണ്. EV മേഖലയിൽ പ്രവർത്തിക്കുന്ന New AutoMotive എന്ന ചിന്താവേദി പറയുന്നതനുസരിച്ച്, 2030ഓടെ പല പമ്പുകളും ഡീസൽ പൂർണ്ണമായി ഒഴിവാക്കും.
ബ്രിട്ടനിലെ ഏകദേശം 8,400 പെട്രോൾ സ്റ്റേഷനുകളിൽ ഭൂരിഭാഗവും 2035ഓടെ ഡീസൽ വിൽപ്പന നിർത്തും. ഡീസൽ വേഗത്തിൽ വിറ്റഴിക്കപ്പെടാത്ത പക്ഷം ഗുണനിലവാരം കുറയുന്നതിനാൽ, സ്റ്റോക്ക് സൂക്ഷിക്കുന്നത് പമ്പുകൾക്ക് സാമ്പത്തികമായി പ്രയോജനകരമല്ലെന്ന് വിദഗ്ധർ പറയുന്നു.
2017 മുതൽ ഡീസൽ വിൽപ്പനയിൽ 22% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ജൂണിൽ 15.5 മില്യൺ ആയിരുന്ന ഡീസൽ കാറുകളുടെ എണ്ണം അടുത്ത പത്ത് വർഷത്തിനുള്ളിൽ 2.5 ലക്ഷം വരെ ചുരുങ്ങാമെന്നാണ് കണക്കുകൂട്ടൽ.
സർക്കാർ വക്താവ് വ്യക്തമാക്കിയത്, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ £7.5 ബില്യൺ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇലക്ട്രിക് കാർ ഗ്രാന്റ് വഴി ആയിരക്കണക്കിന് ഡ്രൈവർമാർക്ക് £3,750 വരെ ഇളവ് ലഭിച്ചിട്ടുണ്ടെന്നും ആണ്. ഇപ്പോൾ ബ്രിട്ടനിൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ നാലിൽ ഒന്ന് ഇലക്ട്രിക് വാഹനമാണ്.