ലണ്ടൻ: യൂറോപ്പിലും ബ്രിട്ടനിലും അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ റഷ്യ 'ഡിസ്പോസിബിൾ ഏജന്റുമാരെ' (Disposable Agents) ഉപയോഗിക്കുന്നതായി റിപ്പോർട്ട്. റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് (RUSI) എന്ന തിങ്ക് ടാങ്ക് പുറത്തുവിട്ട പഠനത്തിലാണ് റഷ്യയുടെ ഈ പുതിയ 'ഹൈബ്രിഡ് യുദ്ധ' തന്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.
സാധാരണക്കാരായ ആളുകളെ ഓൺലൈൻ വഴി സ്വാധീനിച്ച് അട്ടിമറി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയാണിത്. ടെലിഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകൾ വഴിയോ ഗെയിമിംഗ് സൈറ്റുകൾ വഴിയോ ആണ് റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തുന്നത്. വൻതുക വാഗ്ദാനം ചെയ്ത് തീവയ്പ്പ്, നശീകരണ പ്രവർത്തനങ്ങൾ, സൈനിക-സിവിൽ കേന്ദ്രങ്ങളിൽ ചാരപ്രവൃത്തി എന്നിവയ്ക്കായി ഇവരെ നിയോഗിക്കുന്നു.
മുൻകാലങ്ങളിൽ പരിശീലനം ലഭിച്ച ചാരന്മാരെയാണ് റഷ്യ ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കുറഞ്ഞ ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തയ്യാറുള്ള സാധാരണക്കാരെയാണ് അവർ ലക്ഷ്യമിടുന്നത്. പ്രധാനമായും കൗമാരക്കാർ, കുടിയേറ്റക്കാർ, മുൻ സോവിയറ്റ് സൈനികർ എന്നിവരെയാണ് റഷ്യ ഇത്തരത്തിൽ വലയിലാക്കുന്നത്. പണം ക്രിപ്‌റ്റോകറൻസി വഴി നൽകുന്നതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്തുക എന്നത് അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ്.
കൂടുതൽ ഗൗരവകരമായ മറ്റൊരു കാര്യം, ഉക്രൈനിൽ നിന്നുള്ള കുടിയേറ്റക്കാരെപ്പോലും റഷ്യ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതാണ്. അട്ടിമറി പ്രവർത്തനങ്ങളിൽ ഉക്രൈൻ സ്വദേശികൾ പിടിക്കപ്പെട്ടാൽ, അത് യൂറോപ്യൻ ജനതയ്ക്ക് ഉക്രൈനോടുള്ള അതൃപ്തി വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് റഷ്യ കണക്കുകൂട്ടുന്നു. ഉക്രൈന് നൽകുന്ന പിന്തുണ കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
2024-ൽ മാത്രം യൂറോപ്പിൽ ഇത്തരത്തിൽ റഷ്യയുമായി ബന്ധപ്പെട്ട 34 അട്ടിമറി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടലിനടിയിലെ കേബിളുകൾ തകർക്കുക, റെയിൽവേ പാതകളിൽ സ്ഫോടനം നടത്തുക തുടങ്ങിയ വലിയ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഈ ഭീഷണി നേരിടാൻ നാറ്റോയും (NATO) യൂറോപ്യൻ യൂണിയനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.