യുകെയിലെ നോർത്താംപ്ടണിൽ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. വയനാട് സ്വദേശിനിയായ അഞ്ജു അമൽ (29) ആണ് നോർത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് വർഷം മുൻപ് ഉപരിപഠനത്തിനായാണ് അഞ്ജു യുകെയിൽ എത്തിയത്. നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയിലെ പഠനശേഷം വർക്ക് പെർമിറ്റ് നേടി ഐടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശിയായ അമൽ അഗസ്റ്റിനാണ് ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ടൈഫോയ്ഡ് ബാധിച്ചതിനെത്തുടർന്നാണ് ആരോഗ്യനില വഷളായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ജുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ യുകെയിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുക്മ (UUKMA) ഭാരവാഹികൾ അറിയിച്ചു. യുകെയിലെ നോർത്താംപ്ടൺ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബത്തിനാവശ്യമായ സഹായങ്ങൾ നൽകി വരുന്നു.