തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ മുംബൈയിൽ പിടിയിലായി. സജിത, മകൾ ഗ്രീമ എന്നിവരുടെ മരണത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പൂന്തുറ പോലീസാണ് ഇയാളെ വലയിലാക്കിയത്. അയർലൻഡിൽ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണൻ, വിമാനത്താവളം വഴി രക്ഷപ്പെടാൻ നീക്കം നടത്തുന്നതിനിടെ അതിവേഗ നീക്കത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു.
മരണവീട്ടിലെ അപമാനം ആത്മഹത്യയിലേക്ക് നയിച്ചു അടുത്തിടെ ഉണ്ണികൃഷ്ണന്റെ അപ്പച്ചി മരിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾക്കെത്തിയ ഭാര്യ ഗ്രീമയെയും അമ്മ സജിതയെയും ഇയാൾ പരസ്യമായി അപമാനിച്ചതാണ് ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ചത്. ആറുവർഷം മുൻപായിരുന്നു ഉണ്ണികൃഷ്ണന്റെയും ഗ്രീമയുടെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് വെറും 25 ദിവസം മാത്രം ഒപ്പം താമസിപ്പിച്ച ശേഷം ഗ്രീമയെ ഇയാൾ ഉപേക്ഷിക്കുകയായിരുന്നു.
മരണവീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും വിവാഹമോചനം വേണമെന്നും ഉണ്ണികൃഷ്ണൻ കടുപ്പിച്ചു പറഞ്ഞു. ബന്ധുക്കളുടെ മുന്നിൽ വെച്ചുണ്ടായ ഈ കടുത്ത അവഗണനയും മാനസിക പീഡനവുമാണ് അമ്മയെയും മകളെയും തളർത്തിയത്. ഇതിനുപിന്നാലെ "ഞങ്ങളുടെ മരണത്തിന് കാരണം ഉണ്ണികൃഷ്ണനാണ്" എന്ന വാട്സാപ്പ് സന്ദേശം അയച്ച ശേഷം ഇരുവരും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
മുംബൈയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.