GBPLoading...
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; 112 തവണ പിടിയിലായ യുവാവ് ജയിലിലേക്ക്, വൻ തുക പിഴയും
UK News

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; 112 തവണ പിടിയിലായ യുവാവ് ജയിലിലേക്ക്, വൻ തുക പിഴയും

ലണ്ടൻ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് ശീലമാക്കിയ യുവാവിന് ഒടുവിൽ ലണ്ടൻ കോടതിയിൽ നിന്ന് കനത്ത ശിക്ഷ. 112 തവണ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായ ചാൾസ് ബ്രോഹിരി (29) എന്ന യുവാവാണ് ഇപ്പോൾ ജയിൽ ശിക്ഷാ ഭീഷണി നേരിടുന്നത്. വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾ തന്റെ മേൽ ചുമത്തിയ കുറ്റങ്ങൾ സമ്മതിച്ചു. 2024 ഫെബ്രുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ ഏകദേശം 3,266 പൗണ്ട് (ഏകദേശം 3.5 ലക്ഷം രൂപ) യാത്രക്കൂലി ഇയാൾ നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കൂടാതെ, 2019 മുതൽ വിവിധ സമയങ്ങളിലായി ഇയാൾക്ക് ചുമത്തിയ 48,682 പൗണ്ടിന്റെ പിഴയും ഇയാൾ അടച്ചിട്ടില്ല. ലണ്ടൻ മുതൽ ബ്രൈറ്റൺ വരെയുള്ള റൂട്ടുകളിലും ഹെർട്ട്‌ഫോർഡ്‌ഷെയർ പാതകളിലുമായിരുന്നു ഇയാളുടെ സ്ഥിരം 'ടിക്കറ്റില്ലാ' യാത്രകൾ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് നേരത്തെ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചും ഇയാൾ ടിക്കറ്റില്ലാതെ യാത്ര തുടർന്നു. വെറും മൂന്ന് ദിവസം മുൻപാണ് ഇയാൾ അവസാനമായി പിടിയിലായത്. കുറ്റകൃത്യങ്ങളുടെ എണ്ണം കണക്കിലെടുത്ത് ഇയാൾക്ക് ജയിൽ ശിക്ഷ നൽകേണ്ടി വരുമെന്ന് ജഡ്ജി നിന ടെമ്പിയ വ്യക്തമാക്കി. യാത്രക്കൂലി ഇനത്തിൽ നൽകാനുള്ള തുകയ്ക്ക് പുറമെ, കോടതി ഫീസായി 15,000 പൗണ്ട് കൂടി ഇയാൾ നൽകേണ്ടി വരും. ആകെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് ടിക്കറ്റെടുക്കാത്തതു വഴി ഈ യുവാവിന് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 11-ന് കോടതി ഇയാളുടെ ശിക്ഷാവിധി പ്രഖ്യാപിക്കും. ടിക്കറ്റില്ലാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.