GBPLoading...
ശബരിമല സ്വർണ്ണക്കൊള്ള കേസ് മൂന്നാം ഘട്ടത്തിലേക്ക്; അന്വേഷണം വ്യാപിപ്പിച്ച് ഇഡിയും പ്രത്യേക സംഘവും
Kerala News

ശബരിമല സ്വർണ്ണക്കൊള്ള കേസ് മൂന്നാം ഘട്ടത്തിലേക്ക്; അന്വേഷണം വ്യാപിപ്പിച്ച് ഇഡിയും പ്രത്യേക സംഘവും

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തുന്നതിനൊപ്പം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കൂടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ കേസ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

സ്വർണ്ണക്കൊള്ളയ്ക്ക് പുറമെ ദേവസ്വം ബോർഡിലെ മറ്റ് സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിലും ആചാരങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളിലും വൻതോതിൽ ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ വീടുകളിലും ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിലുമടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു. കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.

അതേസമയം, കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടും അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി തയ്യാറാകാത്തത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ദ്വാരപാലക വിഗ്രഹങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വർണ്ണപ്പാളികൾ കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നാണ് പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ. പ്രധാന പ്രതികളുടെ വീടുകളെല്ലാം പരിശോധിച്ച ഇഡി തന്ത്രിയെ മാത്രം ഒഴിവാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ താല്പര്യമാണെന്ന ആരോപണവുമായി ഇടത് മുന്നണി രംഗത്തെത്തിയിട്ടുണ്ട്.

മറുഭാഗത്ത്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങുമെന്ന സൂചനകൾ പുറത്തുവരുന്നതോടെ, ശബരിമല വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്. കൊടിമര പ്രതിഷ്ഠയിലെ അഴിമതി കൂടി നിയമത്തിന് മുന്നിലെത്തുന്നതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയാണ്.