GBPLoading...
നടിയെ ആക്രമിച്ച കേസ്: വിധിക്ക് പിന്നാലെ ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവ്
Kerala News

നടിയെ ആക്രമിച്ച കേസ്: വിധിക്ക് പിന്നാലെ ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച വിചാരണ കോടതി ജഡ്ജിയെയും കോടതിയെയും അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. വിധി പറഞ്ഞ സമയത്ത് കോടതി മുറിയിൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിലൂടെ വിധികർത്താവിനെതിരെ മോശം പരാമർശം നടത്തിയ ചാൾസ് ജോർജിനെതിരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോടാണ് കോടതി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.

കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഡിസംബർ എട്ടിലെ വിധിക്ക് പിന്നാലെയായിരുന്നു വിവാദ പരാമർശം. ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ചാൾസ് ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. വിധി പക്ഷപാതപരമാണെന്നും നീചമാണെന്നുമുള്ള പരാമർശങ്ങൾ കോടതിയെയും ജഡ്ജിയെയും മനപ്പൂർവ്വം അവഹേളിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

അഭിഭാഷകരായ രാഹുൽ ശശിധരൻ, ഗിജീഷ് പ്രകാശ് എന്നിവർ മുഖേന പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടന്നിരുന്നു.

വിവാദ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താനാണ് പോലീസ് നിർദ്ദേശം. വിധിന്യായങ്ങളെ വിമർശിക്കാൻ പൗരന് അവകാശമുണ്ടെങ്കിലും വ്യക്തിഹത്യയിലേക്കും കോടതിയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള അധിക്ഷേപങ്ങളിലേക്കും കടക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.