GBPLoading...
ജഡ്ജി പരസ്യമായി അപമാനിച്ചതായി ആരോപണം; ടി.ബി. മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമർപ്പിച്ചു
Kerala News

ജഡ്ജി പരസ്യമായി അപമാനിച്ചതായി ആരോപണം; ടി.ബി. മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമർപ്പിച്ചു

കൊച്ചി: പീഡനക്കേസിലെ അതിജീവിതയായ നടിയുടെ അഭിഭാഷകയായ ടി.ബി. മിനിയെ പരസ്യമായി അപമാനിച്ചുവെന്നാരോപിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് നടത്തിയ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ മാന്യതയെ ബാധിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ടി.ബി. മിനിക്ക് പകരം ജൂനിയര്‍ അഭിഭാഷക ഹാജരായ സാഹചര്യത്തിലാണ് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. വിചാരണ ഘട്ടത്തില്‍ മിനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് കോടതിയില്‍ എത്തിയതെന്നും, എത്തിയപ്പോഴും സമയം കുറവായിരുന്നുവെന്നും, പലപ്പോഴും ഉറങ്ങുന്ന നിലയിലായിരുന്നുവെന്നും ജഡ്ജി പരാമര്‍ശിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് മിനി ഉയര്‍ത്തിയത്.

വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടി.ബി. മിനി വ്യക്തമാക്കി. ഹൈക്കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക കാരണങ്ങളാലാണ് ചില ദിവസങ്ങളില്‍ വിചാരണക്കോടതിയില്‍ ഹാജരാകാനാകാതിരുന്നതെന്നും, കോടതിയില്‍ ഉണ്ടായപ്പോള്‍ നടപടികള്‍ ശ്രദ്ധയോടെ പിന്തുടരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിനും അഭിഭാഷക അസോസിയേഷനും പരാതി നല്‍കുമെന്നും മിനി അറിയിച്ചു.

കേസിന്റെ വിധിക്ക് മുന്‍പും ശേഷവും വിചാരണക്കോടതിയുടെ നടപടികളെക്കുറിച്ച് ടി.ബി. മിനി പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികളുടെ സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ച കോടതി അതിജീവിതയുടെ വേദനയും അവകാശങ്ങളും അവഗണിച്ചുവെന്നായിരുന്നു ആരോപണം. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നത് ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നും, കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളായ മെമ്മറി കാര്‍ഡ്, ഹാഷ് വാല്യൂ തുടങ്ങിയ വിഷയങ്ങളില്‍ കോടതി സ്വീകരിച്ച നിലപാട് വിശദീകരിക്കപ്പെടണമെന്നും മിനി ആവശ്യപ്പെട്ടു.