തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിന്റെ അപ്പീൽ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുതിർന്ന അഭിഭാഷകനും മുൻ ജുഡീഷ്യൽ ഓഫീസറുമായ ബി.ജി. ഹരീന്ദ്രനാഥിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു.
കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെതിരെ അതിജീവിത കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. കേസ് നടത്തിപ്പിൽ സർക്കാർ മെല്ലെപ്പോക്ക് നടത്തുകയാണെന്നും നിയമനം വൈകുന്നത് അപ്പീൽ നടപടികളെ ബാധിക്കുന്നുണ്ടെന്നും കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാരും അതിജീവിതയും നൽകിയ അപ്പീലുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ സർക്കാരിന് വേണ്ടി ശക്തമായ വാദങ്ങൾ നിരത്താൻ പരിചയസമ്പന്നനായ ബി.ജി. ഹരീന്ദ്രനാഥിന്റെ നിയമനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.