GBPLoading...
രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; ജാമ്യാപേക്ഷ 16ന്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; ജാമ്യാപേക്ഷ 16ന്

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്. ജനുവരി 15ന് വൈകിട്ട് രാഹുലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നും, ജാമ്യാപേക്ഷ ജനുവരി 16ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കസ്റ്റഡി അനിവാര്യമല്ലെന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണുണ്ടായതെന്നും, പരാതിക്കാരി നേരിട്ട് പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ ബോധിപ്പിച്ചില്ലെന്നും, ആവശ്യമായ സാക്ഷ്യങ്ങളില്ലാതെയാണ് അറസ്റ്റ് നടത്തിയതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉന്നയിച്ചു.

അതേസമയം, അന്വേഷണത്തോട് രാഹുല്‍ സഹകരിച്ചില്ലെന്നതാണ് എസ്ഐടിയുടെ വിശദീകരണം. അറസ്റ്റ് മെമ്മോയിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോയിലും ഒപ്പിടാന്‍ പ്രതി തയ്യാറായില്ലെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും എസ്ഐടി കോടതിയെ അറിയിച്ചു. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപണമുള്ള മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ കണ്ടെത്തേണ്ടതുണ്ടെന്നും, തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ചാണ് രാഹുലിനെ ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 മുതല്‍ കാനഡയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. കസ്റ്റഡി കാലയളവില്‍ പീഡനം നടന്നതായി ആരോപിക്കുന്ന പത്തനംതിട്ടയിലെ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതിജീവിതയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനായി അടൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കും രാഹുലിനെ എത്തിച്ചേക്കുമെന്നാണ് സൂചന. അതിക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും, പിന്നീട് ഗര്‍ഭിണിയായ വിവരം അറിയിച്ചതിന് പിന്നാലെ അധിക്ഷേപവും മര്‍ദനവും നേരിടേണ്ടിവന്നതായും യുവതി പരാതിയില്‍ പറയുന്നു. സാമ്പത്തിക ചൂഷണത്തിനും വിധേയയായെന്ന ആരോപണവും ഇമെയില്‍ മുഖേന നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.