GBPLoading...
ഐഷ പോറ്റി കോണ്‍ഗ്രസില്‍; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
Kerala News

ഐഷ പോറ്റി കോണ്‍ഗ്രസില്‍; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

തിരുവനന്തപുരം: മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നും എം.എല്‍.എയായ സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയിലായിരുന്നു ഔദ്യോഗിക പ്രവേശനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഐഷ പോറ്റിയെ വേദിയിലേക്ക് സ്വാഗതം ചെയ്‌തപ്പോള്‍, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കൊട്ടാരക്കരയില്‍ യു.ഡി.എഫിന്റെ നിയമസഭാ സ്ഥാനാര്‍ഥിയായി ഐഷ പോറ്റി മത്സരിക്കുമെന്ന സൂചനകളും ശക്തമാണ്.

പ്രതിപക്ഷ നേതാവുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തില്‍ ധാരണയായത്. തിരുവനന്തപുരത്തായിരുന്നു ചര്‍ച്ച. തുടര്‍ന്ന് സമര വേദിയിലെത്തിയാണ് ഐഷ പോറ്റി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

2006ല്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി കൊട്ടാരക്കരയില്‍ നിന്നാണ് ഐഷ പോറ്റിയുടെ നിയമസഭാ അരങ്ങേറ്റം. 2011ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചും 2016ല്‍ റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയിച്ചുമാണ് മൂന്ന് തവണ നിയമസഭയിലെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള കാലത്ത് പാര്‍ട്ടിയുമായി അകല്‍ച്ചയുണ്ടായി; മന്ത്രിസ്ഥാനം അല്ലെങ്കില്‍ സ്പീക്കര്‍ പദവി ലഭിക്കുമെന്ന പ്രതീക്ഷകളും യാഥാര്‍ഥ്യമായില്ല.

സിപിഎമ്മിനുള്ളിലെ അവഗണനയും ആഭ്യന്തര അസ്വാരസ്യങ്ങളുമാണ് രാഷ്ട്രീയ നിലപാട് പുനപരിശോധിക്കാന്‍ കാരണമായതെന്ന് ഐഷ പോറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതും അസന്തോഷത്തിന് ഇടയാക്കി. ഇതിന് പിന്നാലെ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഐഷ പോറ്റിയുടെ സ്വീകാര്യത ഇപ്പോഴും ശക്തമാണെന്നും, യുഡിഎഫിന് ഇത് നിര്‍ണായക നേട്ടമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഐഷ പോറ്റി എത്തുന്നതിന് മുമ്പ് ആര്‍. രശ്മി, പി. ഹരികുമാര്‍, നെല്‍സണ്‍ തുടങ്ങിയ പേരുകളാണ് കൊട്ടാരക്കര സ്ഥാനാര്‍ഥി ചര്‍ച്ചകളിലുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഐഷ പോറ്റി തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന വിലയിരുത്തലാണ്.

കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പ്രതികരിച്ചു. ഇത് ചില പ്രിയപ്പെട്ട സഖാക്കള്‍ക്ക് വേദനയുണ്ടാക്കുന്ന തീരുമാനമാണെന്നും, എന്നാല്‍ വ്യക്തിപരമായ ആരോപണങ്ങളിലേക്കില്ലെന്നും അവര്‍ പറഞ്ഞു. മനുഷ്യപക്ഷത്ത് നിന്നുള്ള രാഷ്ട്രീയം തുടരുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഈ രാഷ്ട്രീയ മാറ്റം സന്തോഷകരമാണെന്ന് വി.ഡി. സതീശനും, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ പുനഃക്രമീകരണങ്ങളാണ് നടക്കുന്നതെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു.