GBPLoading...
‘കേരള കുംഭമേള’: ഭാരതപ്പുഴയിലെ താൽക്കാലിക നിർമാണങ്ങൾ റവന്യു വകുപ്പ് തടഞ്ഞു
Kerala News

‘കേരള കുംഭമേള’: ഭാരതപ്പുഴയിലെ താൽക്കാലിക നിർമാണങ്ങൾ റവന്യു വകുപ്പ് തടഞ്ഞു

തിരൂർ: ‘കേരള കുംഭമേള’ എന്ന പേരിൽ തിരുനാവായയിൽ ആദ്യമായി സംഘടിപ്പിക്കാനിരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഭാരതപ്പുഴയിൽ നടക്കുന്ന താൽക്കാലിക പാലത്തിന്റെയും യജ്ഞശാലയുടെയും നിർമാണം റവന്യു വകുപ്പ് തടഞ്ഞു. ആവശ്യമായ അനുമതികൾ നേടാതെയാണു പുഴയിൽ നിർമാണം നടക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിന് സമീപത്ത് നിന്ന് തവനൂരിലേക്കുള്ള താൽക്കാലിക പാലത്തിന്റെ പണി പുരോഗമിക്കുന്നതിനിടെയാണ് റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴിലാളികളോട് നിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചത്. ഇതിനു മുൻപ്, ഈ മാസം എട്ടിന് തന്നെ പുഴയിലെ നിർമാണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുനാവായ വില്ലേജ് ഓഫീസ് നോട്ടിസ് നൽകിയിരുന്നു. സംഘാടകർ നോട്ടിസ് സ്വീകരിക്കാതിരുന്നതിനാൽ, ഒൻപതിന് വില്ലേജ് ഓഫീസർ നേരിട്ടെത്തിയാണ് നോട്ടിസ് കൈമാറിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ പുഴയിൽ നിന്ന് നീക്കിയെങ്കിലും പാലത്തിന്റെ നിർമാണം തുടർന്നുവെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.

ഭാരതപ്പുഴയിൽ ഏതുതരം നിർമാണത്തിനും മുൻകൂർ അനുമതി നിർബന്ധമാണെന്നും, അത് ലഭിക്കാത്ത സാഹചര്യത്തിലാണ് നിർമാണം നിർത്തിച്ചതെന്നും ജില്ലാ കലക്ടർ വി.ആർ. വിനോദ് വ്യക്തമാക്കി. ‘കേരള കുംഭമേള’ എന്ന പേരിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടി ആദ്യമായാണ് തിരുനാവായയിൽ നടത്താൻ ശ്രമിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാരുമായി ചേർന്ന് വ്യക്തമായ ആസൂത്രണവും ദുരന്തനിവാരണ പദ്ധതിയും തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരുടെ എണ്ണം, താമസ സൗകര്യങ്ങൾ, അടിസ്ഥാന ആവശ്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും കലക്ടർ ചൂണ്ടിക്കാട്ടി.

അതേസമയം, തിരുനാവായയിലെ മാഘ മഹോത്സവത്തിന് സർക്കാർ എല്ലാ തലങ്ങളിലും അനുമതിയും സംരക്ഷണവും നൽകണമെന്ന് ആവശ്യപ്പെട്ട് ഹംസാനന്ദപുരി എന്ന വ്യക്തി സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. അനുമതി നിഷേധിക്കുന്നത് സംസ്ഥാനത്ത് സാമൂഹിക സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നും, സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിച്ച്, സാംസ്‌കാരിക പൈതൃകവും മതവിശ്വാസങ്ങളും കണക്കിലെടുത്ത് സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും പോസ്റ്റിൽ പറയുന്നു.