GBPLoading...
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം
Kerala News

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല: ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കു ആത്മസാന്ത്വനമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണംവിളികളോടെ കാത്തുനിന്ന തീർഥാടകരുടെ മുന്നിൽ കിഴക്കൻ ചക്രവാളത്തിൽ മകരനക്ഷത്രം ദീപ്തമായി പ്രത്യക്ഷപ്പെട്ടു. തിരുവാഭരണം ചാർത്തി ശ്രീഭൂതനാഥന്റെ ശ്രീകോവിലിൽ ദീപാരാധന പൂർത്തിയായതോടെ, പൊന്നമ്പലമേട്ടിൽ ദിവ്യജ്യോതി പ്രകാശിച്ചു. ഭക്തഹൃദയങ്ങളെ ആനന്ദഭരിതമാക്കി ജ്യോതി രണ്ടു പ്രാവശ്യം കൂടി തെളിഞ്ഞ് മാഞ്ഞു.

കാവിയും കറുപ്പും അണിഞ്ഞ സന്ധ്യയിൽ, കാനനവാസിയായ അയ്യപ്പന്റെ ദർശനം ലഭിച്ചവരുടെയും ദർശനത്തിനായി കാത്തുനിന്നവരുടെയും ശരണംവിളികൾ സന്നിധാനമൊട്ടാകെ മുഴങ്ങി. തിരുമുറ്റത്തും വലിയ നടപ്പന്തലിലും ഉയർന്ന ഭക്തിനാദങ്ങൾ, തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടിയായി മാറി. വനപാതകൾ താണ്ടി തിരുവാഭരണം സന്നിധാനത്തേക്ക് എത്തുമ്പോൾ, ആയിരക്കണക്കിന് തീർഥാടകർ ദർശനത്തിനായി കാത്തുനിന്നിരുന്നു.

തിരുവാഭരണം ചാർത്തി ദീപാരാധന ആരംഭിച്ചതോടെ ശരണമന്ത്രങ്ങൾ ഉച്ചസ്ഥായിയിലെത്തി. മകരനക്ഷത്രം തെളിഞ്ഞ നിമിഷം മുതൽ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായിരുന്നു. മകരവിളക്കിന്റെ ദിവ്യപ്രകാശം തെളിഞ്ഞ പുണ്യനിമിഷത്തിൽ, സന്നിധാനവും പൊന്നമ്പലമേട്ടും നോക്കി ശരണംവിളികൾ ഒരേ താളത്തിൽ ഉയർന്നു. പുല്ലുമേട്ടിൽ പുണ്യസായാഹ്നം വിരിഞ്ഞപ്പോൾ, കലിയുഗവരദനു ശരണം വിളിച്ചുകൊണ്ട് ഭക്തർ തൊഴുകൈകളോടെ ദർശനപുണ്യം ഏറ്റുവാങ്ങി.